Saturday, 20 May 2023

അന്നക്കുട്ടീസ് കവചകുണ്ഡലം

അന്നക്കുട്ടി ഒന്ന് മുടി വെട്ടി എന്നുള്ളത് നേരാ സാറേ.. എന്നും പറഞ്ഞു വഴിയിൽ ഇരിക്കുന്ന SBI ATM ഇലെ ക്യാമറക്ക് വരെ അന്നക്കുട്ടിയെ ട്രോളാൻ എന്താണാധികാരം?🥹

അന്നക്കുട്ടിക്ക് മനസ്സിലാവുന്നില്ല.🤷🏻‍♀️

New Gen എന്നൊക്ക പറഞ്ഞു ലോകം ഇളക്കുന്ന AI ക്യാമറ എന്ന് പറയുന്ന ഈ പച്ചപ്പരിഷ്ക്കാരി ഇന്ന് ഒരുളുപ്പുമില്ലാതെ ആണ് അന്നക്കുട്ടിയെ bodyshame (hair shame?) ചെയ്തത്. 🤧

ഞങ്ങടെ നാട്ടിൻപുറത്തെ അമ്മാവന്മാര് പോലും ഇതിലും ഭേദമാണ്! കൂടി പോയാ "ഇതെന്തുവാടീ തേനീച്ചക്കൂടോ.." എന്നൊക്കെ ഉള്ള ആത്മാഗതങ്ങളിൽ ഒതുങ്ങും അവര്.

എന്നാൽ മേല്പറഞ്ഞ AI ക്യാമറ എന്ന് പറയുന്ന പച്ചപ്പരിഷ്ക്കാരി പറയുന്നതൊന്നു കേൾക്കണം സുഹൃത്തുക്കളെ..
അതും ഒരു തവണയല്ല, 5 മിനിറ്റിൽ 6 തവണ! 😠

കേശവദാസപുരത്തെ SBI ATM ഇൽ കേരളത്തിലെ ആരോഗ്യമന്ത്രി പറഞ്ഞതനുസരിച്ചു മാസ്ക് വച്ചു അന്നക്കുട്ടി കയറുന്നു. ATM card handbag ന്നു തപ്പി എടുത്തു ഉരക്കാൻ തുടങ്ങുന്ന സമയത്തു ഒരു അശരീരി "Please remove your helmet". 🪖

അന്നക്കുട്ടിയുടെ മനസ്സിൽ പെട്ടന്നു പിറകിൽ ഹെൽമെറ്റ്‌ ധരിച്ച ഒരക്രമി വന്നതാവുമെന്നും, ഹെൽമെറ്റ്‌ പോയിട്ടൊരു hairband പോലുമിടാത്ത തന്റെ തലയിൽ വല്ല കമ്പിപ്പാരേം വച്ചടിച്ചു കാശും കൊണ്ട് പോകാനാണോ പ്ലാൻ എന്നുമൊക്കെ ഉള്ള ചിന്തകൾ നിമിഷാർദ്ധ നേരത്തിൽ മിന്നിമറയുന്നു. 🥷🤺🤺

അന്നക്കുട്ടി അല്പം ഭയത്തോടെ ആണെങ്കിലും തിരിഞ്ഞു നോക്കുന്നു.
അവിടെങ്ങും അക്രമി പോയിട്ടൊരു കൃമി പോലുമില്ല! 😏

അശരീരി വീണ്ടും വീണ്ടും ഹെൽമെറ്റ്‌ ഊരാൻ പറയുന്നു. ഇനി സ്വന്തം മുഖത്തിരിക്കുന്ന mask ആണോ പ്രശ്നം എന്ന് ചിന്തിച്ചു അന്നക്കുട്ടി mask ഒക്കെ ഊരി ക്യാമറ നോക്കി ചിരിച്ചു കാണിക്കുന്നു. ഒരു രക്ഷയുമില്ല. "Kindly remove your helmet" എന്ന് ആ മണ്ടൻ കൊണാപ്പൻ ക്യാമറ വീണ്ടും അശരീരി മുഴക്കുന്നു. 🤦🏽‍♀️
അന്നക്കുട്ടി കാശെടുത്തു ഇറങ്ങുന്നത് വരെ അശരീരി മുഴങ്ങിക്കൊണ്ടേ ഇരുന്നു. ☹️

അതും എന്നാ ശബ്ദത്തിലാ! 🔊🔊 പുറത്തു ക്യൂ നിക്കുന്നോർക്കു വരെ കേൾക്കാം! അവർക്കൊക്കെ നിനച്ചിരിക്കാതെ കിട്ടിയ ഒരു ചിരിമരുന്ന്. അന്നക്കുട്ടിയെ കൊണ്ട് 4 പേരെ ചിരിപ്പിക്കാൻ പറ്റിയെങ്കിൽ അന്നക്കുട്ടിക്കും സന്തോഷമേ ഉള്ളു. 🤷🏻‍♀️

അന്നക്കുട്ടിക്ക് ഉണ്ടായ അപമാനം അന്നക്കുട്ടി അങ്ങ് ക്ഷമിച്ചു.😑 അന്നക്കുട്ടിക്ക് ഒരേ ഒരു Condition ey ഉള്ളു :

"നാളെ അന്നക്കുട്ടി ഹെൽമെറ്റ്‌ ഇടാതെ ബൈക്കിൽ പോയാൽ നിന്റെ സഹോദരൻ ആയ നാട്ടിലെ റോഡ് നീളെ വച്ചിരിക്കുന്ന AI ക്യാമറ അന്നക്കുട്ടിക്ക് ഫൈൻ അടിക്കില്ലല്ലോ അല്ലേ?"🧐

"യഥോ കർണന് കവചകുണ്ഡല ഹോ ,
തഥോ അന്നക്കുട്ടിക്ക് ഹെൽമെറ്റ്‌ ഹോ!" (അന്നക്കുട്ടി 3:33)