Friday, 24 November 2017

സ്റ്റേർ കേസിനടിയിലുള്ള ഈശോ മിശിഹാ

ഓഫീസിൽ നിന്ന് വന്നു പതിവ് പോലെ സന്ധ്യാപ്രാര്ഥന ചൊല്ലുന്ന ഞാൻ. ലുട്ടാപ്പിയും അടുത്തു കൈയൊക്കെ കൂപ്പി ഇരിപ്പുണ്ട്.

പ്രാർത്ഥന ക്ലൈമാക്സ് അടുക്കാറായപ്പോ 'കർത്താവ് യേശു മശിഹായെ...' എന്നും വിളിച്ചു conclude ചെയ്തു കുറച്ചു നേരം ഒന്നു മെഡിറ്റേട് ചെയ്ത് കണ്ണു തുറന്നു നോക്കുമ്പോ ലുട്ടാപ്പി എന്തോ കുടുക്ക് ചോദ്യം ചോദിക്കാൻ റെഡി ആയിരിക്കുന്നു, ഞാൻ കണ്ണു തുറക്കാൻ നോക്കി ഇരിക്കുവാരുന്നു ആശാട്ടി.

3 വയസ്സാകുന്നതെ ഉള്ളു. അതുകൊണ്ടു വാക്കുകൾ ഒക്കെ അത്ര സ്ഫുടം ഒന്നുമല്ല. എന്നാലും സുഖമായി മനസ്സിലാക്കി എടുക്കാം.

"ഇഷ്‌മിശാ എന്തിയെ അമ്മ? ഇവിടുണ്ടോ?"

ദൈവം സര്വവ്യാപി ആണെന്നൊക്കെ പറഞ്ഞാൽ മനസ്സിലാവുന്ന പ്രായം ആയിട്ടില്ല. യേശു മിശിഹായുടെ ഒരു ഫോട്ടോ പോലും വീട്ടിൽ ഇല്ലാത്തതു ഓർത്തു കൊണ്ട് ഞാൻ പറഞ്ഞു

"യേശു മിശിഹാ സ്വർഗത്തിൽ ആണ് മോനേ ഉള്ളത്. ഇവിടെ നമുക്ക് കാണാൻ ഒന്നും പറ്റില്ല. സ്വർഗത്തിൽ പോകുമ്പോ കാണാൻ പറ്റും" എന്ന്.

ഉടനെ സ്റ്റയർ കേസിന്റെ അടിയിലോട്ടു ചൂണ്ടിക്കൊണ്ടു അവൾ പറഞ്ഞു, "ഇവിടുണ്ടല്ലോ ഈശമിഷ. അവിടെ ഇരിപ്പുണ്ടല്ലോ"

ഇതാരാപ്പ ഞാൻ അറിയാതെ യേശുന്റെ ഫോട്ടോ വാങ്ങി അവിടെ കൊണ്ടു വച്ചതെന്നു ഓർത്തു അവൾ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയ ഞാൻ കണ്ടത് മറ്റൊന്നുമല്ല, ഞങ്ങളുടെ വീട്ടിലെ വാഷിങ് മെഷീൻ ആണ്.