Saturday, 9 December 2017

വീട് നമ്പർ ഒന്ന് - മാളികവീട്

പ്ലീസ് നോട്ട്: ഈ സീരീസിൽ പറയുന്ന വീടുകൾ ഒന്നും തന്നെ എന്റെ സ്വന്തം വീടുകൾ അല്ല. സ്വന്തം പോലെ തന്നെ ഞങ്ങൾ 4 പേർക്കും കൂര ആയി മാറിയ വാടക വീടുകൾ.

ഒന്നെന്നു പേരിട്ടെങ്കിലും ഇതല്ല കേട്ടോ എന്റെ ആദ്യത്തെ വീട്. ജനിച്ചു 2 വയസ്സു വരെയോ മറ്റോ ചെങ്ങന്നൂറിന് അടുത്തു അങ്ങാടിക്കേൽ എന്നു പറയുന്ന സ്ഥലത്തു എട്ടുപുരയിൽ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. മണിമ്മാമ്മ, രാജുചായൻ, ലിസചേച്ചി, ലിജചേച്ചി - ഇവരായിരുന്നു ആ വീടിന്റെ ഉടമകളും അവരുടെ കൂടെ ആയിരുന്നു താമസവും. 27 years നൗ! But still in touch..

മാളികവീട്ടിലേക്ക് വരാം. 2-5 വയസ്സുവരെ ഇവിടെ ആരുന്നു. അമ്മക്ക് ചെങ്ങന്നൂർ ന്ന് കർത്തിലപ്പള്ളിയിലേക്കു ട്രാൻസ്ഫർ കിട്ടിയപ്പോഴാണ് ഞങ്ങൾ മാളിക വീട്ടിലെ അന്തേവാസികൾ ആകുന്നത്. വലതു വശത്ത് അമ്പലം, പുറകിൽ സുറിയാനി പള്ളി (കുറച്ചൂടെ കൃത്യമായി പറഞ്ഞാൽ പള്ളി സെമിത്തേരി, അതിന്റെം പിറകിൽ പള്ളി). ഓപ്പോസിറ്റു  ഒരു എൽ പീ സ്കൂൾ. ഒരു പറമ്പും ഉണ്ടാരുന്നു (RSS കാരുടെ ട്രെയിനിങ് പോയിന്റ് ആയിരുന്നു എന്നാ ഓർമ). ഇടതു വശത്തു കാർത്തികപ്പള്ളി ജംഗ്ഷൻ. എത്ര നല്ല കോമ്പിനേഷൻ!

ഈ വീടും ആയി അസ്സോസിയേറ്റ് ചെയ്തു എന്റെ ഓർമകൾ 2 അമ്മച്ചിമാരിലേക്ക് കമ്പ്രെസ് ചെയ്യാം.

അമ്മച്ചി നമ്പർ 2

മാളിക വീടിന്റെ ഉടമയായിരുന്ന മറിയമ്മച്ചി.
അമ്മച്ചിക്കും അപ്പച്ചനും മക്കൾ ഇല്ലായിരുന്നു. 1990s ലെ പരമ്പരാഗത അമ്മച്ചിമാരെ പോലെ അല്ലാതെ നയ്റ്റി ഉം സാരി ഉം ഒക്കെ ഉടുക്കുന്ന മുടി ഒക്കെ സ്റ്റൈൽ ആയി കട് ചെയ്ത മറിയമ്മച്ചി.

പക്ഷെ എനിക്ക് വല്യ ഇഷ്ടം അല്ലാരുന്നു കേട്ടോ. കാരണം വേറെ ഒന്നുമല്ല, എന്റെ അമ്മയോട് മറിയമ്മച്ചി സംസാരം തുടങ്ങിയാൽ പിന്നെ നിർത്തതില്ല. എന്തൊക്കെയാണോ ഇത്രേം അങ്ങു പറയാൻ. എനിക്കാണേൽ അമ്മയോട് ഞാൻ അല്ലാതെ ചേച്ചി പോലും ഇച്ചിരി കൂടുതൽ നേരം സംസാരിച്ചാൽ അത്ര പിടിക്കത്തില്ല. പിന്നെ ചേച്ചിയുടെ വായിലിരിക്കുന്നത് കേൾക്കേണ്ട ന്നു കരുതി പുറത്തു കാണിക്കറില്ലന്നെ ഉള്ളു. അപ്പോഴാണ് മറിയമ്മച്ചീടെ വക 2 മണിക്കൂർ സംസാരം.

By ദ by, മറിയമ്മച്ചിക്കും അപ്പച്ചനും കുട്ടികൾ ഇല്ലായിരുന്നു.

To മറിയമ്മച്ചി,

ഓർമ കുർബാനക്ക് പേരു കൊടുക്കുമ്പോ ഇപ്പോഴും ഒരു പേരു മറിയമ്മച്ചിടെ ആകും ഇടക്കെങ്കിലും. അന്ന് കാണിച്ച കുശുമ്പിന് ഇങ്ങനെ ഒരു ബട്ടറിങ്.

അമ്മച്ചി നമ്പർ 1

പപ്പയും അമ്മയും ചേച്ചിയും രാവിലെ പോയി കഴിഞ്ഞാൽ എന്നെ നോക്കാനായി അമ്മ അമ്മയുടെ അമ്മ (മൈ അമ്മച്ചി) യെ കൊണ്ടു വന്നു അവിടേക്ക്.
അമ്മ എടുത്തു വച്ചിട്ട് പോകുന്ന ആഹാരം സമയാസമയങ്ങളിൽ എന്നെ തീറ്റിപ്പിക്കുക എന്നതായിരുന്നു അമ്മച്ചിക്ക് അമ്മ കൊടുത്തിരുന്ന മെയിൻ ഡ്യൂട്ടി.

അഹരത്തിനോട് ആ പ്രായത്തിന്റെ വിവരമില്ലായ്മ മൂലം എന്തോ ഒരു ഇഷ്ടക്കുറവ് ഉണ്ടായിരുന്ന ഞാൻ ആഹാരം വായിൽ വച്ചോണ്ടിരിക്കുക, വാ തുറക്കാതിരിക്കുക, കരഞ്ഞു അലമ്പുണ്ടാക്കുക തുടങ്ങിയ കലാപരിപാടികൾ സ്ഥിരമായി അവതരിപ്പിച്ചു ആ പാവം പിടിച്ച അമ്മച്ചിയെ ഇമോഷണൽ ബ്ലാക്ക്മയിൽ ചെയ്തു ആഹാരം കഴിക്കാതെ വേസ്റ്റ് ആക്കുകയും അതു വഴി അമ്മ വൈകിട്ടു വരുമ്പോ 'കൊച്ചിന്' ആഹാരം കൊടുക്കാൻ പറ്റാത്തതിനു അമ്മച്ചിക്ക് വഴക്കു വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു.

അമ്മ വരുന്നത് വരെ എന്റെ സ്റ്റുഡന്റ്, ഡെസ്ക്, ബഞ്ച്, കസേര, കാട്ടിൽ, എന്നു തുടങ്ങി എല്ലാ റോൾ പ്ലേയസിന്റെയും മൂലധനം അമ്മച്ചി ആരിക്കുമെങ്കിലും, 'അമ്മ ടെ തല വട്ടം കണ്ടു കഴിഞ്ഞാൽ പിന്നെ അമ്മച്ചിയെ ഞാൻ തിരിഞ്ഞു പോലും നോക്കാറില്ലയിരുന്നത്രെ!

അപ്പുറത്തെ എൽ പീ സ്കൂളിലെ പ്ലെഡ്ജ് ചൊല്ലുന്നതിന്റെ അറ്റവും മൂലയും കേട്ടിട്ടു "ഇൻദർ വെൽബി ആന്ത്രോസ്‌പിരിറ്റി" വരെ അമ്മച്ചിയെ കൊണ്ടു ചൊല്ലിപ്പിച്ചിട്ടാണ് ഈ അവഗണന.. എന്താല്ലേ..

ഞാൻ സ്കൂളിൽ പോകാറായപ്പോഴേക്കും അമ്മച്ചി യേശു അപ്പച്ചന്റെ അടുത്തേക്ക് പോയി. ഇപ്പൊ അവിടിരുന്നു കാണുന്നുണ്ടോ അമ്മച്ചി എന്നെ?

ലുട്ടാപ്പിയെ ആഹാരം കഴിപ്പിക്കാൻ ഞാൻ കാണിക്കുന്ന അടി തടയും കളരിപ്പയറ്റും കണ്ടോ? "ഇന്ത്യ ഇസ് ദ കൻഡ്രി" അത്രേ, അതും കൈ ഒക്കെ നീട്ടി പിടിച്ചു പറയണം ഞാൻ. "ജയ് ഹിന്ദ്" ഉം വിളിക്കണം. അതു മാത്രം അല്ല, മെക്സിക്കൻ അപാരത കണ്ടതിൽ പിന്നെ ഇടക്കിടക്ക് "ഇൻകാബാദ് സിംകാബേദ്" ഉം വിളിക്കണം. ഇതൊക്കെ കാണുന്നുണ്ടോ എന്റെ പൊന്നമ്മച്ചീ!

Friday, 24 November 2017

സ്റ്റേർ കേസിനടിയിലുള്ള ഈശോ മിശിഹാ

ഓഫീസിൽ നിന്ന് വന്നു പതിവ് പോലെ സന്ധ്യാപ്രാര്ഥന ചൊല്ലുന്ന ഞാൻ. ലുട്ടാപ്പിയും അടുത്തു കൈയൊക്കെ കൂപ്പി ഇരിപ്പുണ്ട്.

പ്രാർത്ഥന ക്ലൈമാക്സ് അടുക്കാറായപ്പോ 'കർത്താവ് യേശു മശിഹായെ...' എന്നും വിളിച്ചു conclude ചെയ്തു കുറച്ചു നേരം ഒന്നു മെഡിറ്റേട് ചെയ്ത് കണ്ണു തുറന്നു നോക്കുമ്പോ ലുട്ടാപ്പി എന്തോ കുടുക്ക് ചോദ്യം ചോദിക്കാൻ റെഡി ആയിരിക്കുന്നു, ഞാൻ കണ്ണു തുറക്കാൻ നോക്കി ഇരിക്കുവാരുന്നു ആശാട്ടി.

3 വയസ്സാകുന്നതെ ഉള്ളു. അതുകൊണ്ടു വാക്കുകൾ ഒക്കെ അത്ര സ്ഫുടം ഒന്നുമല്ല. എന്നാലും സുഖമായി മനസ്സിലാക്കി എടുക്കാം.

"ഇഷ്‌മിശാ എന്തിയെ അമ്മ? ഇവിടുണ്ടോ?"

ദൈവം സര്വവ്യാപി ആണെന്നൊക്കെ പറഞ്ഞാൽ മനസ്സിലാവുന്ന പ്രായം ആയിട്ടില്ല. യേശു മിശിഹായുടെ ഒരു ഫോട്ടോ പോലും വീട്ടിൽ ഇല്ലാത്തതു ഓർത്തു കൊണ്ട് ഞാൻ പറഞ്ഞു

"യേശു മിശിഹാ സ്വർഗത്തിൽ ആണ് മോനേ ഉള്ളത്. ഇവിടെ നമുക്ക് കാണാൻ ഒന്നും പറ്റില്ല. സ്വർഗത്തിൽ പോകുമ്പോ കാണാൻ പറ്റും" എന്ന്.

ഉടനെ സ്റ്റയർ കേസിന്റെ അടിയിലോട്ടു ചൂണ്ടിക്കൊണ്ടു അവൾ പറഞ്ഞു, "ഇവിടുണ്ടല്ലോ ഈശമിഷ. അവിടെ ഇരിപ്പുണ്ടല്ലോ"

ഇതാരാപ്പ ഞാൻ അറിയാതെ യേശുന്റെ ഫോട്ടോ വാങ്ങി അവിടെ കൊണ്ടു വച്ചതെന്നു ഓർത്തു അവൾ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയ ഞാൻ കണ്ടത് മറ്റൊന്നുമല്ല, ഞങ്ങളുടെ വീട്ടിലെ വാഷിങ് മെഷീൻ ആണ്.

Saturday, 4 February 2017

വിമാനത്താവളം @ ഞായറാഴ്ച

വിമാനത്താവളം @ ഞായറാഴ്ച

ഒക്കത്തൊരു കുഞ്ഞും, ഒരു കയ്യിൽ ഹാൻറ് ബാഗും, മറു കയ്യിൽ കൊച്ചിന്റെ വാട്ടർബോട്ടിലുമായി നാട്ടിലെക്കുള്ള ഫ്ളൈറ്റ് ബോർഡിങ്ങിന്റെ ക്യൂവിൽ നില്ക്കുന്ന ഒരു യുവതി.

പുറകിൽ നിന്ന ഒരു ചേട്ടൻ അതാ ക്യൂവിനിടയിൽ കൂടി യുവതിയുടെ മുന്നിൽ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് നുഴഞ്ഞുകയറി.. (പാക് തീവ്രവാദികൾ പോലും തോറ്റോടും)

യുവതി "What the hell" ന്നുള്ള അർത്ഥത്തിൽ നോക്കുംബോൾ ചേട്ടൻ തിരിഞ്ഞ് "അമ്മയ്ക്ക് സുഖമില്ലന്നു നാട്ടിൽ നിന്ന് പറഞ്ഞു. അതുകൊണ്ടാ.."

"അമ്മ സുഖമില്ലാതെ നാട്ടിലാരുന്നോ! ചേട്ടന്റെ പോക്ക് കണ്ടിട്ട് അമ്മ സുഖമില്ലാതെ ഫ്ളൈറ്റിനകത്താണന്നാ ഞാൻ കരുതിയത്."

ഇതെ ചേട്ടനല്ലെ ഇത്രയും നേരം ഫോണിൽ Just for laughs ഉം കണ്ട് ചിരിച്ച് മറിഞ്ഞിരുന്നത് അവിടെ കസെരയിൽ! അപ്പഴും നമ്മൾ പോസ്റ്റ് പോലെ ഇരിക്കാൻ സീറ്റില്ലാതെ നില്പ്!

ചേട്ടോ, ചേട്ടൻ ആദ്യം കയറിയാലും അവസാനം കയറിയാലും എല്ലാരും കയറിയിട്ടല്ലേ ഫ്ളൈറ്റ് പോകൂ!

പിന്നെന്തിനാണീ സർക്കസ്..

ഈ കക്ഷി ക്രിസ്ത്യാനി ആകാനാ സാധ്യത.  കുർബ്ബാന കഴിഞ്ഞ് കൈ മുത്താൻ നേരം ക്രിസ്ത്യൻ പള്ളികളിൽ ഇതൊരു സ്ഥിരം കാഴ്ചയാ.. ഞായറാഴ്ച ആയതുകൊണ്ടു ക്യൂ കണ്ടപ്പൊ പെട്ടന്ന് പള്ളി ആണെന്ന് കരുതി കയറിയതാവും പാവം!!