പുതിയ കാറുമായി ഒരു സിനിമയ്ക്ക് പോയി..
തിരിച്ചിറങ്ങാൻ നേരം പതിവു പോലെ ഗേറ്റിനടുത്ത് വൻ തിരക്ക്.. അടുത്ത ഷോയ്ക്ക് കയറാനുള്ള ബൈക്കുകൾ ഗേറ്റിന്റെ ഇരുവശവും ക്ഷമ നശിച്ച് കാത്ത് ഇരംബി കൊണ്ടിരിക്കുന്നു..
അതിനിടയിൽ കൂടി കഷ്ടിച്ച് ഒരു കാറിന് കടന്നു പോകാം.. ഇനി അഥവാ റിയർ വ്യൂ മിറർ ബൈക്കുകാരെ തട്ടിയാലോന്നു കരുതി പുതിയ കാറിന്റെ പവർ റിയർ വ്യൂ മിറർ ഗേറ്റടുക്കാറായപ്പോൾ തന്നെ അകത്ത് ബട്ടൺ ഉപയോഗിച്ചു ക്ളോസ് ചെയ്തു വച്ചു..
ഗേറ്റടുത്തതും എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരു ചേട്ടൻ ഓടി വന്ന് "അയ്യൊ, ദേ മിറർ മടങ്ങി ഇരിക്കുന്നു" എന്ന് പറഞ്ഞ് തിരിച്ചെന്തെന്കിലും പറയാൻ പറ്റുന്നതിനും മുന്നെ ഇടതു വശത്തെ മിററിനെ ശക്തിയായി പിടിച്ച് വലിച്ച് തൊണ്ണൂറ് ഡിഗ്രി ഒടിച്ചു വച്ചിട്ട് (അതായത് മിററിൽ റോഡിൽ വശങ്ങളിൽ നില്ക്കുന്നവർക്ക് മുഖം നോക്കാൻ പാകത്തിൽ) അന്തം വിട്ട് നോക്കുന്ന ഞങ്ങളുടെ മുഖത്ത് "നന്ദി ഒന്നും ആവശ്യമില്ലെന്നേ.. ഇതൊക്കെ ചെറുത്.." എന്നുള്ള അർത്ഥത്തിൽ കൃതാർത്ഥനായി പുഞ്ചിരിക്കുകയും ചെയ്തത് കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടായിരുന്നു..
ഞങ്ങളും സമാധാനിച്ചു.. "ഇതിലും വലുതെന്തോ വരാനിരുന്നതാ.."